Friday, July 27, 2012

കാർട്ടൂൺ

                                          Mathrubhumi 27.07.2012

Tuesday, August 3, 2010

സ്വാശ്രയ പ്രശ്നം

ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ കോളേജുകളില്‍ 100 ശതമാനം സീറ്റും മാനേജ്മെന്റിനുള്ളതാണ്‌. സര്‍ക്കാര്‍ ഫീസില്‍ ആരെയും പഠിപ്പിക്കാന്‍ അവര്‍ തയ്യാറുമല്ല. ഇക്കൂട്ടര്‍ വാഴ്ത്തപ്പെടുന്നു.

ഗവര്‍മെന്റുമായി ഒത്തുതീര്‍പ്പുണ്ടാക്കി 50 ശതമാനം പേരെ സര്‍ക്കാര്‍ ഫീസില്‍ പഠിപ്പിക്കാന്‍ തയ്യാറായ മാനേജ്മെന്റുകളെ മാത്രം അഴിമതിക്കാരെന്ന് മുദ്ര കുത്തപ്പെടുകയും ചെയ്യുന്നു. ഇതെന്തു നീതി ?

കേസുകൊടുത്തു വിദ്യാര്‍ത്ഥികളെ വഴിയാധാരാക്കാന്‍ ശ്രമിച്ചതിന്റെ പിറകില്‍ ആദ്യം പറഞ്ഞ കൂട്ടരാണെന്ന് തെളിവു സഹിതം പറയുന്നത് ഡോക്റ്റര്‍ ഫസല്‍ ഗഫൂര്‍.

അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകര്‍ എവിടെ?

Monday, August 2, 2010

മതവും രാഷ്ട്രീയവും

ജൂലായ് 31ന്‌ മലപ്പുറത്ത് ചേര്‍ന്ന വിവിധ മുസ്ലിം സംഘടനകളുടെ യോഗം, മുസ്ലിം ലീഗിന്റെ നേതൃത്വത്തിലായിരുന്നുവെന്ന് പത്ര വാര്‍ത്ത. അപ്പോള്‍ ഒരു സംശയം.. മുസ്ലിം ലീഗ് മതസംഘടനയാണോ?

Friday, July 23, 2010

സി.പി.ഐ (എം) പറയുന്നത്..

ഇന്ത്യയില്‍ ഏറ്റവുമധികം ഭീകരതയുണ്ടാക്കിയിട്ടുള്ളത് ആര്‍.എസ്.എസ്സാണെന്ന് കോടിയേരി ആരോപിച്ചു. മഹാത്മാഗാന്ധിയെക്കൊന്നതും ബാബറി മസ്ജിദ് തകര്‍ത്തതും അവരാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ശ്രമം ആര്‍.എസ്.എസ്സിനു ബദലാകാനാണ്‌. ഭീകരപ്രസ്ഥാനത്തെ ഏതായാലും ഒറ്റപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. (മലയാള മനോരമ, ജൂലായ് 24)
പിന്നെ, എല്ലാവര്‍ക്കും അറിയാവുന്ന ഒന്നുണ്ടല്ലോ, കേരളത്തില്‍ ആര്‍.എസ്.എസ്സിനെ എതിര്‍ക്കാന്‍സി.പി.ഐ (എം) ഉണ്ട്. പിന്നെന്തിനാ, പോപ്പുലര്‍ ഫ്രണ്ട് പോലെ ഒരു വര്‍ഗ്ഗീയ പ്രസ്ഥാനം?

Wednesday, July 21, 2010

മാധ്യമധര്‍മ്മം ഇങ്ങനെയും

സംസ്ഥാനത്ത് ക്രമസമാധാനം തകരാറിലായെന്നുപറഞ്ഞ് സംസ്ഥാന സര്‍ക്കാരിനും ആഭ്യന്തരമന്ത്രിക്കുമെതിരെ കേരള ഹൈക്കോടതിയിലെ ജസ്റ്റീസ് രാംകുമാറിന്റെ ചില പരാമര്‍ശങ്ങള്‍ വന്നപ്പോള്‍, മത്തങ്ങ വലുപ്പത്തില്‍, ചില പത്രങ്ങളുടെ ഒന്നാം പേജില്‍ വന്ന തലക്കെട്ടുകള്‍ എല്ലാവരും കണ്ടിട്ടുണ്ടാവും.

എന്നാല്‍, ഈ പരാമര്‍ശങ്ങള്‍ അനാവശ്യവും അസ്ഥാനത്തുള്ളതുമായിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട്, അതെല്ലാം നീക്കം ചെയ്യാന്‍ സുപ്രീം കോടതിയുടെ വിധി വന്നു. അപ്പോഴാകട്ടെ ആ വാര്‍ത്ത 'ചരമം' പേജിലേക്ക് ഒതുക്കിക്കെട്ടി പ്രസിദ്ധീകരിച്ചത് മലയാളത്തിലെ ഏറ്റവും പ്രചാരമുണ്ടെന്ന് നിരന്തരം കൊട്ടിഘോഷിച്ചുകൊണ്ടിരിക്കുന്ന ദിനപ്പത്രത്തിലാണ്‌. കോടതികള്‍ക്കെതിരായ ചെറിയ വിമര്‍ശനം പോലും പൊറുക്കാത്ത കൂട്ടരാണ്‌, സുപ്രീം കോടതിവിധിയോട് ഇങ്ങനെ അനാദരവ് കാണിച്ചത്.

Thursday, August 27, 2009

ലീഗ് നിലപാടും അധികാരമോഹവും

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ സംയമനം പാലിച്ചതിന് മുസ്ലിംലീഗിനെ പ്രശംസിക്കാം. യഥാര്‍ത്ഥത്തില്‍ ലീഗിനെതിരെ ഉന്നയിക്കപ്പെട്ട വിമര്‍ശനം അതിന്റെ പേരിലല്ല. പള്ളിപൊളിച്ചപ്പോള്‍, കൈയുംകെട്ടി നോക്കിനിന്ന നരസിംഹറാവുവിന്റെയും കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും മൃദുഹിന്ദുത്വനിലപാട് ഇന്ത്യയുടെ മതേതരത്വത്തിനു കനത്ത ആഘാതമായി. മുസ്ലിം സമൂഹത്തിന്റെ മാത്രമല്ല, ലോകമനസ്സാക്ഷിയെത്തന്നെ അതു ഞെട്ടിച്ചു. എന്നിട്ടും കോണ്‍ഗ്രസ്സിന്റെ കൂടാരത്തില്‍നിന്നു പുറത്തുവരാന്‍ ലീഗ് തയ്യാറായില്ല. മന്ത്രിസ്ഥാനമായിരുന്നു അവര്‍ക്കു വലുത്. ഭരണത്തിന്റെ ശീതളഛായയാണ് തങ്ങള്‍‍ക്കു താല്പര്യം എന്ന നിലപാടാണ് ലീഗ് സ്വീകരിച്ചത്. അതാണ് വിമര്‍ശിക്കപ്പെട്ടത്. എന്നാല്‍, സ്വന്തം കാപട്യം മറച്ചുവെക്കാനാണ് ലീഗും കൂട്ടാളികളും സംയമനത്തിന്റെ മഹത്വം പൊക്കിക്കാണിക്കുന്നത്. ഇത് കൊടിയ വഞ്ചന യാണ്.

Wednesday, August 26, 2009

വി എസ് ഇനിയെന്നാ രാഷ്ട്രീയം പറയുക ?

ആനയെക്കൊടുത്താലും ആശകൊടുക്കരുത് എന്നൊരു ചൊല്ലുണ്ട്. രാഷ്ട്രീയം പറയാന്‍ പ്രത്യേകം വിളിക്കാമെന്ന് മാധ്യമറിപ്പോര്‍ട്ടര്‍മാര്‍ക്കായി വി.എസ് ആവര്‍ത്തിച്ചു നല്‍കിയ വാഗ്ദാനം കേട്ടപ്പോള്‍ തോന്നിയതാണിത്. മുന്‍പൊക്കെ ബുധനാഴ്ചയിലെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങള്‍ മാധ്യമലേഖകരെ ആവേശഭരിതരാക്കിയിരുന്നു. പത്രങ്ങളുടെ ഒന്നാം പേജില്‍ മത്തങ്ങാ വലുപ്പത്തില്‍ തലേക്കെട്ടു നിറക്കാന്‍ വി.എസ് നല്‍കിയ സംഭാവനകള്‍ മറക്കാമോ? വാര്‍ത്താചാനലുകളില്‍ സി.പി.എമ്മിനെതിരായ ഫ്ലാഷ് ന്യൂസുകള്‍ക്ക് പഞ്ഞമില്ലാതിരുന്ന കാലം..ചര്‍ച്ചകള്‍ കൊഴുപ്പിക്കാന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍മാരും, ആസാദ്, പിയേഴ്സണ്‍, ഉമേഷ് ബാബു, ചെറിയാന്‍ തുടങ്ങിയ ഇടതുപക്ഷ (വിരുദ്ധ) ചിന്തകരും ആടിത്തിമര്‍ക്കുകയായിരുന്നില്ലേ..ഇപ്പോള്‍ അവര്‍ക്കൊക്കെ വേറെ പണി അന്വേഷിക്കേണ്ടി വന്നിരിക്കുന്നു. പി.ബി. യുടെ ശിക്ഷാവിധിയാണിതിനു കാരണമായത്. അങ്ങിനെയൊന്നും സംഭവിക്കില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്ന സ:അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് മുതല്‍ തേജസ്സ് ചേക്കുട്ടി വരെയുള്ളവര്‍ക്ക് നിരാശപ്പെടേണ്ടി വന്നിരിക്കുന്നു. ഇവര്‍ക്കും വാര്‍ത്താചാനലുകളിലൂടെ സി.പി.എമ്മിനെതിരെ നിരന്തരം ഗ്വാഗ്വാ വിളിച്ചുകൊണ്ടിരുന്ന മഹാന്മാര്‍ക്കും മഹതിക്കും ഊര്‍ജ്ജം പകരാന്‍ വി.എസ്സിന്റെ പാര്‍ട്ടിവിരുദ്ധ വാക്പയറ്റുകള്‍ കൂടിയേതീരൂ. അതിന് അദ്ദേഹം ഇനിയും തുനിയുമോ? എങ്കില്‍ അത് എന്നായിരിക്കും?